സ്വരലയ സമന്വയം 2022 ഡാൻസ് മ്യൂസിക്ക് ഫെസ്റ്റിവൽ ഡിസംബർ 21 മുതൽ ആരംഭിക്കും. പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിൽ 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾ ഡിസംബർ 31 നാണ് സമാപിക്കുക. 21 വൈകിട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരൻ വൈശാഖൻ, പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, രാമചന്ദ്ര പുലവർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ , കളക്ടർ മൃണമായി ജോഷി, സംഗീത സംവിധായകൻ ബിജി പാൽ, ഗാനരചയിതാക്കളായ റഫീഖ് അഹമ്മദ്, ഹരി നാരായണൻ , സന്തോഷ് വർമ്മ, തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ വെച്ച് സംഗീത സംവിധായകൻ ബിജിബാലിനെ ലാൽ ജോസ് , വൈശാഖൻ, റഫീഖ് അഹമ്മദ് എന്നിവർ ചേർന്ന് ആദരിക്കും. സ്വരലയ നൃത്ത സംഗീതോത്സവം വാർത്താ പത്രിക പത്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി രാമചന്ദ്ര പുലവർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യും. 23 ന് നടക്കുന്ന സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്ക്കാരം കലാമണ്ഡലം സരസ്വതിക്ക് മന്ത്രി മുഹമ്മദ് റിയാസ് സമർപ്പിക്കും. 25 ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.എ ബേബി മുഖ്യതിഥിയാകുമെന്ന് സംഘാടകർ പാലക്കാട് ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി ടി.ആർ അജയൻ , ശ്രീരാജ് എൻ.ബി, ജയരാജൻ വി., എൻ കൃഷ്ണമൂർത്തി, ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.