പാലക്കാട്: ഇരകൾക്കു വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന് മുൻ മന്ത്രി വി.സി. കബീർ മാസ്റ്റർ . വാളയാർ കേസിലെ അന്വേഷണ സംഘത്തെ ഒരേ നിഗമനത്തിലെത്തിച്ചതിന് പിന്നിൽ പ്രലോഭനവും, സ്വാധീനവും രാഷ്ട്രീയ ഇടപെടലാണെന്നും വി.സി. കബീർ മാസ്റ്റർ പറഞ്ഞു. സി ബി ഐ അന്വേഷണം സ്വാധീനങൾക്കു വഴങ്ങരുതെന്നാവശ്യപ്പെട്ട് വാളയാർ നീതി സമരസമിതി കലട്രേറ്റിന് മുമ്പിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.സി. കബീർ . കേസന്വേഷിച്ച പോലീസും ക്രൈം ബ്രാഞ്ചും സിബിഐ സംഘവും ഒരേ നിഗമനത്തിൽ എത്തി ചേർന്നതിന്ന് പിന്നിൽ ഗുഢാലോചനയുണ്ട്. അതുകൊണ്ടാണ് കുറ്റപത്രം കോടതി നിരാകരിച്ചത്. കേസന്വേഷിക്കുന്ന പുതിയ സിബിഐസംഘത്തിന്റെ അന്വേഷണം നീതിപൂർവ്വമാകണം. ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും അന്വേഷണ പരിധിയിൽ വരണം . അന്വേഷണ സംഘത്തിലുണ്ടായിരുന്ന കുറ്റാരോപിതരായ അന്വേഷണ ഉദ്യോഗസ്ഥരെയും വാളയാർ പെൺകുട്ടികളുടെ രക്ഷിതാക്കൾ സംശയമുന്നയിച്ചവരെ ചോദ്യം ചെയ്യണം. രക്ഷിതാക്കളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും . നുണ പരിശോധനക്ക് വിധേയമാക്കണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തുന്നതിന് പകരം അവഗണിക്കാനും ആക്രമിക്കാനും സർക്കാർ വിട്ടു കൊടുക്കുകയാണ് , നാടിനെയും സമൂഹത്തെയും സാക്ഷി നിർത്തി തടങ്കൽ പാളയം നിർമ്മിക്കില്ലെന്ന് ശപഥം ചെയ്ത മുഖ്യമന്ത്രി തടങ്കൽ പാളയം നിർമ്മിച്ചുവെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതാണ് മുഖ്യമന്ത്രിയുടെ ഏതു കാര്യത്തിലെയും നിലപാടെന്നും വി.സി. കബീർ മാസ്റ്റർ പറഞ്ഞു. സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, വാളയാർകുട്ടികളുടെ രക്ഷിതാക്കളായ ഭാഗ്യവതി, ഷാജി, വിവിധ സംഘടന ഭാരവാഹികളായ വാസുദേവൻ, പാണ്ടിയോട് പ്രഭാകരൻ, സെയ്ദ് മുഹമ്മദ്, മായാ ണ്ടി, അമ്പലക്കാട് വിജയൻ , സന്തോഷ് മലമ്പുഴ ആസിയ റസാഖ് എന്നിവർ സംസാരിച്ചു.