അട്ടപ്പാടി: അട്ടപ്പാടിയുടെ ജീവിതം പറഞ്ഞ സിഗ്നേച്ചർ സിനിമയുടെ അണിയറപ്രവർത്തകർക്കും നഞ്ചിയമ്മയമ്മയ്ക്കും അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിന്റെ ആദരം. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ സിനിമ വൻ വിജയമായിരുന്നു. അട്ടപ്പാടി ജനങ്ങളുടെ ജീവിതം അധികൃതരും പുറം ലോകവും അറിയാൻ ഈ സിനിമ നിമിത്തമായതായി ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി അഭിപ്രായപ്പെട്ടു.
സംവിധായകൻ മനോജ് പാലോടനും തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിലിനുമാണ് സ്വീകരണം നൽകിയത്. ആനക്കട്ടി സിറ്റി സിനിമാസ് തീയറ്ററിൽ നടന്ന ചടങ്ങിൽ സിഗ്നേച്ചർ മൂവിയിൽ പാടുകയും അഭിനയിക്കുകയും ചെയ്ത ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ, സിറ്റി സിനിമാസ് തീയറ്റർ ഉടമ സലീം, വാർഡ് മെമ്പർ വേലമ്മ, സിനിമയിൽ മുഡുക ഗാനം എഴുതി പാടിയ തങ്കരാജ് മൂപ്പൻ, അഭിനയിച്ച മുപ്പത്തോളം ഗോത്രവർഗക്കാർ തുടങ്ങിയവർ പങ്കെടുത്തു.