സാമ്പത്തിക പിന്തുണക്കൊപ്പം മെന്ററിങ്ങും പ്രെഡിക്റ്റിന്റെ ഭാഗമെന്ന് മന്ത്രി എം.ബി രാജേഷ്

പട്ടാമ്പി: സാമ്പത്തിക പിന്തുണ മാത്രമല്ല മെന്ററിങ് കൂടി ‘പ്രെഡിക്ട്’ ജനകീയ സ്കോളർഷിപ്പിന്റെ ഭാഗമാണെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുമരനെല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ‘പ്രെഡിക്ട്’ ജനകീയ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകളിൽ വിജയിക്കാനും ഗവേഷണമേഖലകളിലേക്കും കേന്ദ്ര സർവകലാശാലകളിലേക്കുമുള്ള പ്രവേശനം നേടുന്നതിനും വിദ്യാർത്ഥികൾക്ക് വഴി കാണിച്ചു കൊടുക്കുകയാണ് മെന്ററിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി ഇത്തരം മേഖലകളിൽ നേട്ടം കൈവരിച്ചവരുമായി സംവദിക്കുന്നതിനുള്ള വേദി സംഘടിപ്പിക്കും. തൃത്താല പോലൊരു ഗ്രാമീണ മേഖലയിൽ നിന്ന് സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വഴി തുറക്കുന്നതിനും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

തൃത്താല നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഒരു ഭാഗമാണ് പ്രെഡിക്ട് ജനകീയ സ്കോളർഷിപ്പ്. പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു തലത്തിൽ പ്രതിമാസം ആയിരം രൂപയാണ് രണ്ട് വർഷത്തേക്ക് സ്കോളർഷിപ്പായി നൽകുക. പഠനത്തിന് വേണ്ടി മാത്രമേ സ്കോളർഷിപ്പ് തുക ഉപയോഗിക്കുകയുള്ളൂവെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
തൃത്താലയിൽ സ്ഥിരതാമസക്കാരായ പഠനത്തിൽ മികവ് പുലർത്തുന്നവരും സാമ്പത്തിക പിന്തുണ അർഹിക്കുന്നവരുമായ 50 വിദ്യാർത്ഥികൾക്കാണ്
സ്കോളർഷിപ്പ് നൽകുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്ന് വിദഗ്ധ സമിതി
ഗൃഹസന്ദർശനം നടത്തി പരിശോധിച്ച് തെരഞ്ഞെടുത്തവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. സ്പോൺസർമാർ ലഭ്യമാക്കുന്ന തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.

പരിപാടിയുടെ ഭാഗമായി മുഖ്യാതിഥികളായ ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമ്മലശ്രീ, പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, എലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി വർക്കിങ് ഗ്രൂപ്പ് കൺവീനർ ഡോ. കെ.കെ രാമചന്ദ്രൻ, കുമരനെല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സി.കെ സുനിത തുടങ്ങിയവർ പങ്കെടുത്തു.

advt