ബെന്നി വര്‍ഗീസ്.***
മേനോന്‍പാറ: സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്ന് യാത്ര ദുരിതം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയായിട്ടുപോലും അധികൃതര്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം മിക്കപ്പോഴും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പ്രദേശവാസികള്‍ തടയുന്നത് പതിവായി മാറി.
അന്തര്‍സംസ്ഥാന പാതയായതിനാല്‍ ഈ പാതയിലൂടെയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്. പാത തകര്‍ന്ന് വലിയ കുഴികളായി മാറിയതോടെ കടന്നുപോകുന്ന വാഹനങ്ങള്‍ കുഴിയില്‍പെട്ട് കേടുവരുന്നതും പതിവായി മാറി. ഇതിലൂടെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്കും കേടുവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും ബസ്സുടമകള്‍ പറയുന്നു.
യാത്രസൗകര്യം കുറവായതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടായി മാറി. തകര്‍ന്ന പാതയിലൂടെ സ്‌കൂള്‍ വാഹനങ്ങള്‍ കൂടി ഓടാതായതോടെയാണ് കാല്‍നടയായി വിദ്യാര്‍ഥികള്‍ക്ക് പോകേണ്ട സ്ഥിതി വന്നത്. മഴ മാറിയതോടെ പാതയില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പെടിപാറിപ്പോകുന്നതോടെ വീടുകള്‍ക്ക് അകത്തുപോലും പൊടി കയറുന്ന സ്ഥിതിയായി മാറി. ചൊക്കന്നൂര്‍, വീരപ്പനൂര്‍, കിണറ്റിക്കടവ്, ഭാഗങ്ങളില്‍ നിന്ന് ഒഴലപ്പതിയിലൂടെ സംസ്ഥാനത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ കൊണ്ടുവരുന്നത്. പാത തകര്‍ന്നതോടെ ഭാരവാഹനങ്ങള്‍ ഇതിലൂടെ വരാതായതോടെ ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധനങ്ങള്‍ക്കിട്ടാത്ത സ്ഥിതിയായി. ഇതോടെ നിര്‍മ്മാണ മേഖലയും പ്രതിസന്ധിയിലായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റികളിലേക്കുള്ള കല്ലുകള്‍ വരാത്തതിനാല്‍ വില വര്‍ദ്ധിച്ചു.
10 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഈ പാത പൂര്‍ണ്ണമായി നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചുവെങ്കിലും അംഗീകാരം ലഭിച്ചില്ലെന്ന് പി.ഡബ്ല്യൂ.ഡി. അധികൃതര്‍ പറഞ്ഞു. എന്നാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, പണി തുടങ്ങിയിട്ടുണ്ടെന്നും പി.ഡബ്ല്യൂ.ഡി. മെയിന്റനന്‍സ് അസി.എക്‌സികുട്ടീവ് എന്‍ജിനീയര്‍ ഷെമി പറഞ്ഞു.