പാലക്കാട്: വികസനം ജനവിരുദ്ധമായാൽ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. ദേശീയ പാത ഇരകളെ സംരക്ഷിക്കുന്ന തരത്തിൽ പുനരധിവാസ പാക്കേജ് രേഖാമൂലം പ്രഖ്യാപിക്കണം. ഉദ്യോഗസ്ഥർ ദ്രോഹ സമീപനം സ്വീകരിച്ചാൽ ജനശക്തി തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവെ ഇരകൾ പുനരധിവാസ പാക്കേജിനായി കലട്രേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീൻ ഫിൽഡ് ഹൈവേക്കായി സർക്കാർ നടത്തിയ സമൂഹിക സാമ്പത്തിക റിപ്പോർട്ടുകൾ പുറത്ത് വിടാൻ തയാറാകണം. ആയിരക്കണക്കിന് പേർക്ക് തൊഴിലും കിടപാടവും നഷ്ടമാവുമ്പോഴും അതീവ ലാഘവത്തോടെയാണ് സർക്കാരുകളും ഉദ്യോഗസ്ഥരും പദ്ധതിയെ സമീപിക്കുന്നത്. പദ്ധതിയിലെ സുതാര്യമില്ലായ്മയാണ് ചർച്ചകളിൽ ഇരകളുടെ ആശങ്ക പരിഹരിക്കാൻ കഴിയാത്തത്. ആശങ്കകൾ പരിഹരിക്കാതെ അടിച്ചമർത്തി പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ നടപ്പിലാവില്ല. ഇരകൾക്ക് ന്യായമായ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഇരകളാണ് കലട്രേറ്റിന് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. സമരസമിതി ചെയർമാൻ കെ.ഇ ഫസൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.ബാലൻ, മണികണ്ഠൻ, പി.രഞ്ജിത്ത്, എ.പി മാനു, സമര സമതി ഭാരവാഹികളായ ഷാജഹാൻ കാപ്പിൽ, കെ.ടി ഹംസപ്പ, പി.അഹമദ് സുബൈർ, ദിനേശ് പെരുമണ്ണ, ഉമ്മർ കുട്ടി കാപ്പൻ, കോമു കുട്ടി മുണ്ടശേരി, അവറാൻ കുട്ടി, കെ.ടി മൂസ, വിജീഷ്, യഹിയ എന്നിവർ സംസാരിച്ചു. അബ്ദുൾ മജീദ് സ്വാഗതവും മഠത്തൊടി അലി നന്ദിയും പറഞ്ഞു.