യു എൻ ഉച്ചകോടിക്ക് കൊക്കക്കോള സ്പോൺസർഷിപ്പ്: പ്ലാച്ചിമടയിൽ കൊക്കക്കോളയുടെ കോലം കത്തിച്ചു

നവംബർ ആറിന് ഈജിപ്തിലെ ഷാമെൽ ഷെയ്ക്കിൽ ആരംഭിച്ച ലോക കാലാവസ്ഥ ഉച്ചകോടിയുടെ സ്പോൺസർഷിപ്പിൽ നിന്നും കൊക്കകോളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാച്ചിമട കമ്പനിക്ക് മുമ്പിൽ കൊക്കക്കോളയുടെ പ്രതീകാത്മക കോലം കത്തിച്ച് പ്രതിഷേധിച്ചു.ഇതേ ആവശ്യം ഉന്നയിച്ച് ഹരി പാമ്പൂർ,ജയരാമൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാടു നന്നും രാവിലെ പുറപ്പെട്ട സൈക്കിൾ റാലിക്ക് പ്ലാച്ചിമട സമരപ്പന്തലിൽ സ്വീകരണവും നൽകി. നിരന്തര സമരത്തെ തുടർന്ന് കൊക്കക്കോള പ്ലാച്ചിമടയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുവെങ്കിലും ഡോക്ടർ കെ ജയകുമാർ അധ്യക്ഷനായ ഉന്നതാ ധികാര സമിതി നൽകണമെന്ന് നിർദ്ദേശിച്ച 216 കോടി രൂപയുടെ നഷ്ടപരിഹാരം ഇനിയും നൽകിയിട്ടില്ല. കോടിക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ പ്രതിദിനം മാലിന്യമായി പുറന്തള്ളുന്ന കൊക്കക്കോളയെ കാലാവസ്ഥ ഉച്ച കോടിയുടെ സ്പോൺസർ ആയി അംഗീകരിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സ്പോൺസർഷിപ്പ് പിൻവലിച്ച് പ്ലാച്ചിമടയിലെ ജനങ്ങൾക്ക് കൊക്കക്കോളയിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത സി ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു . വിളയോടി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ വി ബിജു, എൻ സുബ്രഹ്മണ്യൻ, ശരത് ചേലൂർ, സജീവൻ കള്ളിച്ചിത്ര, സി.ശാന്തി,അമ്പലക്കാട് വിജയൻ ,കെ.ആർ ബിർള, കെ.സി.അശോക്, സെയ്ത് മുഹമ്മത്, കാദർ കണ്ണാടി, അഡ്വ.ഗിരീഷ് നെന്മാറ, രാജേഷ് തരൂർ, കെ ശക്തിവേൽ, എം.തങ്കവേലു, കെ.ഗുരുസ്വാമി, സരസ .എം, രജിത്ത് വിളയോടി, ഹരിഹരസുതൻ എന്നിവർ പ്രസംഗിച്ചു. എ. രാമൻ സമരഗാനങ്ങൾ ആലപിച്ചു