പട്ടാമ്പി: പ്രവാസിക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, നിർത്തലാക്കിയ പ്രവാസികാര്യവകുപ്പ് പുന:സ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രവാസി സംഘം നവംബർ 16ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്തും.
ഇതിൻ്റെ മുന്നോടിയായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ ക്യാപ്റ്റനും, സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി.ലില്ലിസ് വൈസ് ക്യാപ്റ്റനുമായുള്ള സംസ്ഥാന വാഹന പ്രചാരണജാഥക്ക് നവംബർ 9 ന് വൈകീട്ട് 5 മണിക്ക് പട്ടാമ്പിയിൽ സ്വീകരണം നൽകും. ജില്ലാ അതിർത്തിയായ വിളയൂരിൽ നിന്ന് ബൈക്ക് റാലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വാഹന പ്രചാരണ ജാഥയെ സ്വീകരിക്കും.
പരിപാടിയുടെ വിജയത്തിനായി പട്ടാമ്പി പി.കെ. രാജൻ സ്മാരക ഹാളിൽ വിളിച്ചുകൂട്ടിയ സംഘാടക സമിതിയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എൻ.പി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സൈതാലിക്കുട്ടി, ജില്ലാ സെക്രട്ടറി എം.എ. നാസർ, ജില്ലാ വൈസ് പ്രസിഡന്റ് യാവു പട്ടാമ്പി, ഇ.കെ. ബഷീർ, എ.വി. മുഹമ്മദ് കൂറ്റനാട്, യു.അജയകുമാർ, കെ.സി. ഷാജിമാസ്റ്റർ, റിയാസ് കൊടുമുണ്ട തുടങ്ങിയവർ സംസാരിച്ചു. എൻ.പി. വിനയകുമാർ മുഖ്യരക്ഷാധികാരിയും ടി.ഗോപാലകൃഷ്ണൻ ചെയർമാനും, റിയാസ് കൊടുമുണ്ട കൺവീനറുമായി 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുൾപ്പെടെ 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.