പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

പ്ലാച്ചിമട: പ്ലാച്ചിമട സത്യഗ്രഹ പന്തലിൽ സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പ്ലാച്ചിമട കൊക്കകോള സമരസമിതിയുടെയും സർവ്വോദയ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സത്യഗ്രഹ പന്തലിൽ സ്വദേശി പേപ്പർബാഗ് നിർമ്മാണ യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു.

ഗാന്ധിജി സമരമുഖങ്ങളിൽ സൃഷ്ടിപരപരിപാടികളിൽ പ്രവർത്തകർക്ക് പരിശീലനം നൽകുകയും പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നതിനെ മാതൃകയാക്കിയാണ് സ്വദേശി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

സ്വദേശി, ഖാദി പ്രസ്ഥാനത്തോട് ചേർത്ത് നിർത്താവുന്ന ഗ്രാമസമ്പദ് വ്യവസ്ഥയെയും
നിലനില്പിൻ്റെ സമ്പദ് വ്യവസ്ഥയെയും
അഹിംസാത്മക സമ്പദ് വ്യവസ്ഥയെയും
തിരിച്ച് പിടിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണിതെന്ന് പരിശീലനം നൽകിയ സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ പറഞ്ഞു.
പ്ലാച്ചിമട കൊക്കകോള സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാലൻ പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ കെ.ശക്തിവേൽ അധ്യക്ഷനായി. സർവ്വോദയ കേന്ദ്രം ജോയിൻ്റ് ഡയറക്ടർ എ.അശോക് കുമാർ, കണ്ണദാസ് പ്ലാച്ചിമട, എം. തങ്കവേലു, എം.ഭാഗ്യം, വനിത ശിവദാസ്, കെ.വിദ്യ, സിബിന ബിജു, സിന്ധു. ടി, എം. ദൈവാന തുടങ്ങിയവർ സംസാരിച്ചു.

ഒരു ലഘു യന്ത്രത്തിന്റെ സഹായത്തോടെ ഏത് പേപ്പർ ഉപയോഗിച്ചും കുറഞ്ഞ ചിലവിൽ  നല്ലകൈ പിടിയോടു കൂടിയ  പേപ്പർ ബാഗ് നിർമ്മിക്കാം. 10 കി. ഭാരം വരെ താങ്ങാൻ കഴിയുന്ന ബാഗുകളാണ് നിർമ്മിക്കുക.

അനിശ്ചിതകാല ഏകദിന സത്യാഗ്രഹത്തിൽ രാമശ്ശേരി ഗാന്ധി ആശ്രമം മുഖ്യ സംഘാടകൻ പുതുശ്ശേരി ശ്രീനിവാസൻ, സർവ്വോദയ കേന്ദ്രം ജോയിൻ്റ് ഡയറക്ടർ എ.അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.