ബ്രേക്ക് ഡൗൺ. (കവിത.)

അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-
ങ്ങഞ്ചരവണ്ടിക്കു യാത്രയായി.
അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,
പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.
വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽ
അണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.
കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽ
ഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.
നീണ്ടകരക്കാരൻ നാണുവും, കൂടയിൽ
നാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.
തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾ
ഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.
കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്
നീട്ടിക്കോണ്ടങ്ങിനെ വന്നൊരു നേരത്ത്.
മൂന്നാലു കന്നാസിൽ പാലുമായ് വന്നെത്തി
പുനലൂരുകാരനാം പാപ്പിയുമന്നേരം.
ബസ്സിലോ ആളുകൾ കൂടുതൽ വന്നെത്തി
നേരം വെളുത്തൊരു നേരത്തിതന്നേരം.
മൂന്നാലു ചക്കയെ ചാക്കിൽനിറച്ചങ്ങ്
ചാത്തന്നൂർകാരനാം ചാക്കോച്ചനുമെത്തി.
ചക്കേടെ ചാക്കിനെ പിന്നിലെ സീറ്റി-
നടിയിലൊതുക്കുവാൻ കണ്ടക്ടറും ചൊല്ലി.
ചക്കയെ സീറ്റിനടിയിലൊതുക്കുവാൻ
ഏവരുമന്നേരം നന്നേ പണിപ്പെട്ടു.
ഇല്ലില്ല പോവില്ല ചക്കവലുതല്ലെ ഏവരും
ചൊല്ലിനാൻ ചക്കയെ നോക്കീട്ട്.
തോളിൽ കിടക്കുന്ന തോർത്തുവിരിച്ചങ്ങ്
ചാക്കോച്ചനോ പടിമേലങ്ങിരുന്നുപോയ്.
ഓടുന്ന ബസ്സിലെ നീങ്ങുന്ന ചക്കയെ
നോക്കീട്ടങ്ങേവരുമങ്ങുചിരിച്ചു പോയ്.
പിന്നിലെ വണ്ടിയിങ്ങെത്തിപ്പോയെന്നങ്ങു
ചൊല്ലി കിളിയങ്ങു ഡ്രൈവറോടന്നേരം.
എല്ലാരുമെല്ലാരും കമ്പിയിലേക്കു പിടിച്ചിരി-
യെന്നങ്ങു കണ്ടക്ടറും ചൊല്ലി.
പിന്നിൽ വരുന്നൊരു വണ്ടിക്കുമുമ്പിലായ്
വേഗത്തിലോടിയ വണ്ടിയെക്കണ്ടങ്ങ്,.
റോഡിലുള്ളേവരും പേടിച്ചങ്ങുമാറി
എന്തൊരു പോക്കാണെന്നേവരും ചൊല്ലിനാൻ.
വേഗത്തിൽ പായുന്ന ബസ്സിലുള്ളേവരും
കൂവിവിളിച്ചയ്യോ മെല്ലവേ പോകെടോ.
അപ്പോഴും കേട്ടില്ല ഡ്രൈവറാ വണ്ടിയിൽ
ഹോണങ്ങടിച്ചിട്ടങ്ങു വേഗത്തിൽ പാഞ്ഞുപോയ്.
ചാഞ്ഞും,ചരിഞ്ഞുമങ്ങോടുന്ന വണ്ടിയിൽ
എല്ലാമേവീണു തകിടംമറിഞ്ഞുപോയ്.
കൂടക്കകത്തുള്ള നാണൂൻ്റെ നാരങ്ങേം,
കന്നാസിലുള്ളൊരാ പാപ്പീടെ പാലുമേ….
മൊത്തത്തിലങ്ങിനെ താഴെപ്പരന്നിട്ടു
ചിതറിയതൊന്നുമേ ഡ്രൈവർ അറിഞ്ഞില്ല.
ഒട്ടുമേ വൈകാതെ ചാക്കോച്ചൻ ചേട്ടനും,
ചക്കേടെ ചാക്കുമായ് താഴേക്കുരുണ്ടു പോയ്.
അയ്യോ…, നിലവിളിച്ചേവരുമൊന്നാകെ
കൂട്ടത്താലങ്ങിനെ സങ്കടം പൂകിനാൻ.
അന്നമ്മയമ്മച്ചീടച്ചപ്പക്കൂടയിലാരോ
വന്നിട്ടങ്ങു വീണിതന്നേരത്ത്.
എന്താടാമോനേ നീയിന്നിങ്ങീവിധം സർക്കസ്സു
കാട്ടുന്നെന്നമ്മച്ചി ചൊല്ലിനാൻ.
എല്ലാരുമെല്ലാരും വണ്ടീടെ പിന്നിലേക്കൊന്നങ്ങു
മാറുവാൻ ഡ്രൈവറു ചൊല്ലിനാൻ.
എന്താടാ മോനേ പറഞ്ഞിതു നീയിപ്പോൾ
എന്നോതിയമ്മച്ചി ഡ്രൈവറെയുംനോക്കി.
ഒന്നുമില്ലമ്മച്ചീ…. പിന്നോട്ടു പോകണേ
വണ്ടീടെ ബ്രേക്കുപോയ് ഡ്രൈവറോ ചൊല്ലിനാൻ.
അമ്മച്ചിയും പിന്നെയെല്ലാരുമെല്ലാരും
പിന്നോട്ടുനീങ്ങിനാർ തെല്ലുഭയത്തോടെ.
എന്തിനിച്ചെയ്യേണ്ടൂവെന്നറിയാതവരേ
രുമങ്ങിനെ ഒച്ചയുണ്ടാക്കിനാർ.

തെല്ലു നേരംകൊണ്ട് വണ്ടിയോപാഞ്ഞുപോയ്
കൊട്ടാരക്കരയിലെ കുണ്ടറയിലെത്തി.
കുണ്ടും,കുഴികളുമില്ലാത്ത റോഡിലാ
വണ്ടിയോ ചീറിക്കുതിച്ചങ്ങു പാഞ്ഞുപോയ്.
വെള്ളം പരന്നുകിടക്കുന്ന വയലിലാ,വണ്ടിയോ
മൂക്കും കുത്തിച്ചെന്നു വീണുപോയ്.
കൂട്ടനിലവിളിയാകെയുയർന്നിതു
ആളുകൾ കൂട്ടത്തോടെത്തിയടുത്തുടൻ.
ഒട്ടുമേ വൈകാതെ ഫയറെഞ്ചിനുമെത്തി
ആമ്പുലൻസുമെത്തി, പോലീസുംപിന്നാലെ.
ഊർജ്ജിതമായോരു രക്ഷാപ്രവർത്തനം
ഏവർക്കുമോരോ നിസ്സാരപരിക്കുകൾ.
അന്നമ്മയമ്മച്ചീടച്ചപ്പവട്ടിയും,
പാപ്പീടെപാൽപാത്രവുമെല്ലാമന്നേരം.,
ചളിയിൽ പുതഞ്ഞു കിടക്കുന്നിതുപക്ഷേ
എല്ലാരുമേ തേടി ഡ്രൈവറെ കണ്ടില്ല.
ഏവരുംചൊല്ലിനാൻ ഡ്രൈവറെക്കണ്ടില്ല
ബസ്സിനകത്തുണ്ടോയെന്നതറിയില്ല.
അന്നേരമേവരും കണ്ടിതു ഡ്രൈവറെ
കയ്യിൽ വിലങ്ങുമായ് പോലീസിൻവണ്ടിയിൽ.
അപ്പോഴുമൊന്നുമേ കാണേണ്ടെന്നമട്ടിൽ
മൂക്കും കുത്തിക്കൊണ്ടു ബസ്സുകിടക്കുന്നു.
അഞ്ചരക്കുവന്ന കാലത്തുള്ള വണ്ടി
ബ്രേക്കങ്ങുപോയിതകർന്നു കിടക്കുന്നു.
തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾ
അന്നേരവുംചൊല്ലി ലോട്ടറി വേണമോ…
ഏവരോടുംചൊല്ലി തങ്കപ്പനെന്നയാൾ
ഇന്നാണിതിന്നാണ് ഭാഗ്യമിതിന്നാണ്.
അപ്പുറത്തു നിന്നൊരപ്പൂപ്പനന്നേരം
പൊട്ടിച്ചിരിച്ചങ്ങു ചൊല്ലിനാനന്നേരം.
നീയങ്ങുചൊന്നത് സത്യമാണുകേട്ടോ
ഇന്നത്തെ ഭാഗ്യമതെല്ലാർക്കുമുള്ളതാ,.
അല്ലെങ്കിലാരേലും ബാക്കിയുണ്ടാവുമോ
ബസ്സിനെ ചൂണ്ടീട്ടങ്ങപ്പൂപ്പൻ ചൊല്ലിനാൻ.
ഒന്നുമേ കേൾക്കാതെഅന്നേരവും ചൊല്ലി
തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾ.
ലോട്ടറി വേണമോ, ലോട്ടറി വേണമോ
ഇന്നാണിതിന്നാണ് ഭാഗ്യമിതിന്നാണ്…

രാമദാസ്.ജി കൂടല്ലൂർ.
പാലക്കാട്.