ഇതെൻ്റെ മരണ മൊഴിയല്ല…
ജീവിച്ചു മതിയാവാത്ത
ഒരുവളുടെ,
ആരുമെത്തിനോക്കാൻ
ശ്രമിക്കാത്ത മനസാണ്.
ജാലകവാതിലുകൾ
ആഞ്ഞടഞ്ഞു
മറച്ചു കളഞ്ഞ,
മനോഹരമായൊരു
ദൃശ്യമുണ്ടതിൽ.
ശാന്തമായൊഴുകിയ
ജലമദ്ധ്യത്തിലേക്ക് പൊടുന്നനെപൊട്ടിവീണ
വന്മല പകുത്തു കളഞ്ഞ
പൊള്ളുന്ന യാഥാർത്യമുണ്ടതിൽ.
മഴപ്പച്ചയിൽക്കുതിർന്ന
സ്വപ്നങ്ങളിലേക്കൂർന്നു വീണ
വരൾച്ചയുടെ താണ്ഡവമുണ്ടതിൽ …
ഇതെൻ്റെ ആത്മഹത്യാക്കുറിപ്പല്ല.
വലിപ്പവ്യത്യാസമില്ലാതെ
എന്തിനേയും
സ്വീകരിച്ച്,
ഗോപനം ചെയ്യാനറിയുന്ന,
അലങ്കാരങ്ങളില്ലാത്തതിനാ-
ലാകർഷിക്കപ്പെടാതെ പോയ,
സ്ഥിരമായി ഉഴുതുമറിക്കപ്പെടുന്ന,
കലങ്ങിമറിഞ്ഞൊരു
പാഴ്മനസ് മാത്രമാണ്.