കെ എസ് ആർ ടി സി യിൽ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് ഇടതു സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന 12 മണിക്കൂർ ജോലി സമയത്തെ ചെറുത്തു തോൽപ്പിക്കും എന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു. 12 മണിക്കൂർ ഡ്യൂട്ടിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പ്രചരണ ജാഥയുടെ പാലക്കാട് ജില്ലയിലെ ഉദ്ഘാടനം മണ്ണാർക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമമെന്ന മുദ്രാവാക്യമുയർത്തി മെയ് 1 തൊഴിലാളി ദിനമായി ആചരിക്കുന്ന ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന ഈ നീക്കം കോർപ്പറേറ്റുകൾക്ക് സൗകര്യം ഒരുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.ജീവനക്കാരെ പട്ടിണിക്കിട്ട് പരുവപ്പെടുത്തിയും തലതിരിഞ്ഞ പരിഷ്കരണങ്ങളിലൂടെ ജീവനെടുത്തും കെ എസ് ആർ ടി സിയെ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിലുള്ള സഹകരണ സംഘങ്ങൾക്ക് തീറെഴുതാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള ഇടതു സർക്കാർ നീക്കം ബൂർഷ്വാ നയവ്യതിയാനമാണെന്നും കെ എസ് ആർ ടി സി യിൽ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ നീക്കങ്ങൾ കേരളത്തിന്റെ തൊഴിൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് തൊഴിലാളി സമൂഹത്തെ ഒരുമിച്ച് ചേർത്ത് തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡൻറ് പി.സി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ജാഥാ ക്യാപ്റ്റൻ ടി.വി.രമേഷ് കുമാറിന് പതാക നൽകി. ജില്ലാ ട്രഷറർ കെ.സുധീഷ്, എൻ. കാളിദാസ് എന്നിവർ സംസാരിച്ചു.സി. സുരേഷ്കുമാർ, എൽ. മധു , എൻ.വി.പോൾ, ഇ.ശ്രീശൻ, ഒ. പ്രസാദ്, എൻ.സുബ്രഹ്മണ്യൻ എന്നിവർ ജാഥക്ക് സ്വീകരണം നൽകി.