തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് പരീക്ഷ എഴുതേണ്ടി വരില്ല. ഹയര്‍ സെക്കന്ററി സിലബസില്‍ റോഡ് നിയമങ്ങള്‍ പഠിക്കാന്‍ പാഠപുസ്തകം വരുന്നു.
പുസ്‌കത്തിന്റെ പ്രകാശനം മറ്റന്നാള്‍ നടക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍ നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പാഠപുസ്തകത്തിലുണ്ടാകും.
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും. സെപ്റ്റംബര്‍ 28ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പി ആര്‍ ചേമ്പറിലാണ് പുസ്തക പ്രകാശന ചടങ്ങ്.
റോഡ് നിയമങ്ങള്‍, മാര്‍ക്കിംഗുകള്‍, സൈനുകള്‍ എന്നിവയും വാഹന അപകട കാരണങ്ങളും നിയമ പ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടെ മോട്ടോര്‍ വാഹന സംബന്ധമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.