പട്ടാമ്പി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടക്കുന്ന സ്വച്ഛ് അമൃത് മഹോൽസവിന്റെ ഭാഗമായി, പട്ടാമ്പി ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റ് സ്വച്ഛത റാലി നടത്തി. കോളേജ് കാമ്പസിൽ നിന്നാരംഭിച്ച റാലി അസോസിയേറ്റഡ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു ഉദ്ഘാടനം ചെയ്തു. മേലെ പട്ടാമ്പി ഗാന്ധി പ്രതിമ വരെയായിരുന്നു ശുചിത്വ ബോധവൽക്കരണ റാലി നടന്നത്. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ നടന്ന ബഹുജന റാലിയിലും ശുചീകരണ യജ്ഞത്തിലും കാഡറ്റുകൾ പങ്കാളികളായി. സീനിയർ അണ്ടർ ഓഫീസർ കെ.എം.അബ്ദുൽ ഹാഷിം, അണ്ടർ ഓഫീസർ പി.ഹരി ലക്ഷ്മി, സീനിയർ ക്യാഡറ്റുകളായ കെ.പി. രേഷ്മ, പി. അജ്മൽ ഹഖീം, എസ്. ദർശന, കെ.എം.വിഘ്നേഷ്, കെ.വി.വിഷ്ണു എന്നിവർ നേതൃത്വം നൽകി.