ജോജി തോമസ്
നെന്മാറ: നെല്ലറയായ പാലക്കാട് ജില്ലയിൽ ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച് കർഷകൻ. അയിലൂർ കൃഷിഭവൻ പരിധിയിൽ പെട്ട അടിപ്പെരണ്ട പാടശേഖരത്തിലാണ് ഒന്നാം വിളയായി ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയത്. തണുപ്പ് കൂടിയ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി ചെയ്യാറുള്ള വണ്ണം കുറഞ്ഞ് നീളം കൂടിയതും കയറ്റുമതി സാധ്യതയുള്ള നെല്ലിനമാണ് പാലക്കാടൻ പാടശേഖരങ്ങളിലും വിളയുമെന്ന് തെളിയിച്ചത്. അടിപ്പെരണ്ട പഴയപാടം പി.എം.സെയ്ത് മുഹമ്മദ് ആണ് പഞ്ചാബിൽ നിന്നും ഓൺലൈൻ മുഖേന വിത്ത് കമ്പനിയിൽ നിന്ന് 5 കിലോ വിത്ത് സഞ്ചി കിലോയ്ക്ക് 449 രൂപ പ്രകാരം വാങ്ങി ഒന്നാംവിള ഇറക്കിയത്. മറ്റ് ഒന്നാം വിള നെൽകൃഷികളോടൊപ്പം പ്രത്യേകമായി ഒരു കണ്ടത്തിൽ ഞാറ്റടി തയ്യാറാക്കി പറിച്ചു നടുന്ന രീതിയാണ് അവലംബിച്ചത്. പ്രത്യേക ശുശ്രൂഷ ഒന്നും നൽകാതെ മറ്റ് നെല്ലിനങ്ങൾക്ക് നൽകുന്ന രീതിയിൽ തന്നെ വളം നൽകിയാണ് ബസ്മതി വളർത്തിയത്. കാലാവസ്ഥ യോജിക്കാത്തതിനാൽ വിളയിൽ കതിരു വരാതാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോൾ കതിർ പഴുത്തു തുടങ്ങിയതോടെ ആശ്വാസമായി. 145 ദിവസമാണ് മൂപ്പ് പറയുന്നത്. ഇപ്പോൾ കതിര് വന്ന് 120 ദിവസത്തെ വളർച്ചയായി. കാര്യമായ കീടബാധയോ മറ്റും ഒന്നും ഉണ്ടായില്ലെന്നും പി.എം.സെയ്ത് മുഹമ്മദ് പറഞ്ഞു. ഹെക്ടറിന് ആറര ടൺ ഉൽപാദനക്ഷമതയാണ് പഞ്ചാബിലെ വിത്ത് വിതരണ കമ്പനി പറയുന്നതെങ്കിലും തരക്കേടില്ലാത്ത വിളവ് പ്രതീക്ഷിക്കുന്നതായി കർഷകൻ പറഞ്ഞു. വിളവെടുത്തു കിട്ടുന്ന മുഴുവൻ നെല്ലും വിത്താക്കി മാറ്റി ആവർത്തന കൃഷിക്ക് ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
മുൻ വർഷങ്ങളിൽ വയനാട് നിന്ന് ഗന്ധകശാല ഇനത്തിൽപ്പെട്ട നെല്ല് വിളയിച്ച് പരീക്ഷിച്ചിട്ടുണ്ട് ഈ കർഷകൻ. രണ്ടാം വിളക്ക് ഗന്ധകശാല വിളയിറക്കുമെന്നും കർഷകൻ പറഞ്ഞു. അടിപ്പരണ്ട നെല്ലുൽപാദക പാടശേഖരസമിതി സെക്രട്ടറി കൂടിയാണ് പി.എം.സെയ്ത് മുഹമ്മദ്. പുതിയ ഇനം നെൽവിത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് മറ്റു കർഷകർക്ക് പ്രചോദനമേകുന്നതിലും ഗുണഗണങ്ങൾ കർഷകർക്കിടയിൽ പങ്കുവെക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുന്നിൽ നിൽക്കുന്നുണ്ട് പാടശേഖര സമിതി ഭാരവാഹി കൂടിയായ ഈ കർഷകൻ. വിളവെടുത്തു കഴിഞ്ഞാലേ ഉൽപാദനക്ഷമതയെയും മറ്റുവിളകളെ അപേക്ഷിച്ച് ഉള്ള മേന്മയും കുറിച്ച് പറയാൻ ആവുകയുള്ളൂ എന്ന് സമീപത്തെ കർഷകർ പറയുന്നു. മേഖലയിലെ നിരവധി കർഷകർ ഇദ്ദേഹത്തിന്റെ പരീക്ഷണ അടിസ്ഥാനത്തിനുള്ള ബസ്മതി കൃഷി കാണാനെത്തുന്നുണ്ട്.