നടുവട്ടം ജനത സ്കൂളിന്റെ രണ്ടാം ഘട്ട വികസനം ഉടൻ ആരംഭിക്കും – മുഹമ്മദ് മുഹസിൻ

മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടുവട്ടം ജനതാ സ്കൂളിനു രണ്ടാം ഘട്ട വികസനത്തിനു മൂന്നു കോടി രൂപയുടെ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ. എ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങൾക്കുമായിരിക്കും തുക വിനിയോഗിക്കുക. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും പൊതു വിദ്യാഭ്യാസ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ ക്ലാസ് മുറികളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നു വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ മുഹമ്മദ് മുഹസിൻ എം.എൽ.എ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.


മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള ഈ സ്കൂളിൽ 5 കോടി ചിലവിട്ടു കൊണ്ട് ഹൈസ്കൂൾ വിഭാഗത്തിനു നേരത്തെ തന്നെ ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കിയിരുന്നു.

പൂർണമായും മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ ഉതകുന്ന രീതിയിൽ ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളും അതൊടൊപ്പം തന്നെ നല്ല ഒരു കളിസ്ഥലത്തിന്റെ അഭാവവും എം.എൽ. എ, വിദ്യാഭാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ വിഷയങ്ങളിൽ അനുഭാവ പൂർണമായ സമീപനം സ്വീകരിക്കാമെന്നു ഉറപ്പു നൽകിയതായി എം.എൽ.എ. അറിയിച്ചു. ഇപ്പോൾ അനുവദിച്ചിട്ടുള്ള മുന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് വഴിയാണ് നടപ്പിലാക്കു ന്നത്. സ്കൂളിലെ പി.ടി.എ , അദ്ധ്യാപകർ, മറ്റു സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവരുമായി സ്കൂളിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്തതിനു ശേഷം വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നു എം.എൽ.എ അറിയിച്ചു