പാലക്കാട്:ആദിവാസി ഊരുകളിൽ പൊതു- മനുഷ്യാവകാശ പ്രവർത്തകർ പ്രവേശിക്കരുതെന്ന സർക്കാർ ഉത്തരവ് നിഗൂഢതകൾ മറച്ചുപിടിക്കാനാണെന്ന് ആദിവാസി ദലിത് ന്യൂനപക്ഷ വംശഹത്യ പ്രതിരോധമുന്നണി കൺവീനർ കെ. കാർത്തികേയൻ. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെയും പീഡിപ്പിച്ച് അടിമകളാക്കുന്നവരെയും സംരക്ഷിക്കുന്നതിനാണ് സർക്കാർ ഉത്തരവെന്നും കെ. കാർത്തികേയൻ. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ല ട്രൈബൽ ഓഫീസിന് മുമ്പിൽ പ്രതിരോധമുന്നണി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. കാർത്തികേയൻ. കേരളത്തിലെ ആദിവാസി സമൂഹം വംശനാശത്തിന്റെ വക്കിലാണ്. ആദിവാസികളുടെ ഏക്കർ കണക്കിന് ഭൂമിയാണ് വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുത്തിരിക്കുന്നത്. ആദിവാസി സമൂഹത്തെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുന്ന മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.
അച്ചൻ ആരെന്നറിയാത്ത നൂറുകണക്കിന്ന് കുട്ടികൾ ആദിവാസി മേഖലയിലുണ്ട്. പെൺകുട്ടികളെ പിച്ചിചീന്തുന്നത് ഇന്നും തുടരുന്നുണ്ട്. ആദിവാസി മേഖലയിലെ ദുഷ്പ്രവണതകൾ സമൂഹത്തിന്റെ മുമ്പിലേക്കെത്തിച്ചത് മാധ്യമ പ്രവർത്തകരും സാമൂഹിക മനുഷ്യാവകാശ പ്രവർത്തകരുമാണ്. ഇക്കാര്യങ്ങൾ വെളിച്ചത്ത് വരാതിരിക്കാനും പ്രതികളെ രക്ഷിക്കാനുമാണ് സർക്കാർ ഉത്തരവിറക്കിയത്. ആദിവാസി ഊരുകളെ തടവറയാക്കാനുളള നീക്കം തടയും. നക്സലൈറ്റ് പ്രതിരോധമെന്ന പേരിലുളള ഉത്തരവ് കാട്ടുകളളൻ മാരെ സംരക്ഷിക്കാനാണെന്നും കാർത്തികേയൻ പറഞ്ഞു. കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധമുന്നണി ഭാരവാഹികളായ മാരിയപ്പൻ നീലിപ്പാറ, റിയാസ്, ഗോപാലകൃഷ്ണൻ പരുത്തിപ്പുള്ളി , ശരത് ധോണി, ടി.പി.കനക ദാസ് , രാധാകൃഷ്ണൻ വിത്തനശ്ശേരി എന്നിവർ സംസാരിച്ചു