ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ഭരത് ബാല ഇതേ സമയം ഫേസ്ബുക്ക് പേജില്‍ ഓണ്‍ലൈന്‍ റിലീസ് നിര്‍വഹിച്ചു.
വാട്സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും 4136 എന്‍ട്രികളാണ് ലഭിച്ചത്. വിദേശ രാജ്യങ്ങളിലുള്ള നിരവധി മലയാളികളും പേര് നിര്‍ദേശിച്ചിരുന്നു.
എഴുത്തുകാരനായ പി.ജെ.ജെ. ആന്റണി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്. റോയ്, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
മിട്ടു എന്ന പേര് 42 പേര് നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അമ്പലപ്പുഴ ആമേട സ്വദേശിനി ആവണി അനിലിനെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാണ് ആവണി. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല് നൂര്‍ ജ്വല്ലറി നല്കുന്ന സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.
കളക്ടറുടെ ചേംബറില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ നഗരസഭ കൗൺസിലർമാരായ നസീർ പുന്നയ്ക്കൽ, സിമി ഷാഫി ഖാൻ, പബ്ലിസിറ്റി കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ കെ. നാസർ, എ. കബീർ, എബി തോമസ്, അബ്ദുൽസലാം ലബ്ബ, എം.പി. ഗുരുദയാൽ, കമ്മിറ്റി കൺവീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ്, ജനറല്‍ ബോഡി അംഗം നൗഷാദ് എന്നിവര്‍ പങ്കെടുത്തു.