പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം നടത്തിയതായി കണ്ടെത്തി. കഴിഞ്ഞവർഷം ഒക്ടോബറിൽ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് 61 എൽഎസ്ഡി സ്റ്റാമ്പ് (ലിസര്‍ജിക് ആസിഡ് ഡൈതലാമൈഡ്), മൂന്നര ഗ്രാം എംഡിഎംഎ ഗുളിക (മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) എന്നിവയുമായി കോട്ടയം രാമപുരം സ്വദേശികളായ അനന്തു അനിൽ (23), അജയ് സന്ദീപ് (21) എന്നിവരെ പിടികൂടിയിരുന്നു. ഇവർക്ക് ലഹരിയുൽപന്നങ്ങൾ കൈമാറിയ ശിവഗോവിന്ദിനായി അന്വേഷണം തുടങ്ങിയതോടെ പ്രതി ഉത്തരേന്ത്യയിലേക്ക് കടന്നു. കഴിഞ്ഞദിവസം പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷകസംഘം തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. ശിവഗോവിന്ദ് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പിന്നീട് കോയമ്പത്തൂരിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞു. കാരിയർമാരെ കണ്ടെത്തി സംസ്ഥാനത്തേക്കും ലഹരികടത്തി. ഇത്തരത്തിൽ മാരക മയക്കുമരുന്നുമായി സഞ്ചരിക്കുന്നതിനിടെയാണ് നേരത്തെ യുവാക്കൾ പിടിയിലായത്. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ എം അജാസുദ്ദീൻ, സീനിയർ സിപിഒ എസ് സജീന്ദ്രൻ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എസ് ജലീൽ, സീനിയർ സിപിഒ സജി, സിപിഒമാരായ ആറ് വിനീഷ്, എസ് ഷനോസ്, ഷമീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും നിയമവിരുദ്ധ ലാബുകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള അതിമാരക ലഹരിയാണ് എൽഎസ്ഡി. ഉപയോഗിക്കുന്നവർക്ക് പിന്നീട് ചെറിയ അളവ് മതിയാകാതെ വരികയും അടിമയാക്കപ്പെടുകയും ചെയ്യും. എംഡിഎംഎ, എൽഎസ്‌ഡി എന്നിവയാണ് പിടിച്ചെടുത്തവയിൽ അധികവും. സിന്തറ്റിക് ഡ്രഗ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ‘മാക്സ് ജെല്ലി എക്സ്റ്റസി’ എന്നറിയപ്പെടുന്ന എംഡിഎംഎയാണ് വ്യാപകം. സ്‌റ്റാമ്പ്, ഗുളിക രൂപത്തിലായതിനാൽ കൊണ്ടുനടക്കാൻ സൗകര്യമാണ്. എട്ട് മണിക്കൂർവരെ ലഹരി ശരീരത്തിലുണ്ടാകും. ഗന്ധമില്ലാത്തതും എളുപ്പത്തിൽ ഒളിപ്പിയ്ക്കാനുള്ള സൗകര്യവുമാണ് സ്റ്റാമ്പ് ലഹരി പോലെയുള്ള പദാർഥങ്ങൾ ഉപയോഗിക്കുന്നതിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നത്.