പാര്‍ലമെന്റ് സംവിധാനങ്ങൾ പരിചയപ്പെടുത്തി ബാല പാര്‍ലമെന്റ്

കുട്ടി സ്പീക്കറും മന്ത്രിമാരും ബാല പാര്‍ലമെന്റിലെത്തി

പാലക്കാട്:
പാര്‍ലമെന്റ് സംവിധാനവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികള്‍ക്കായി ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ്. മനോജ് അധ്യക്ഷനായി.

ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 84 വിദ്യാര്‍ത്ഥികൾ ബാല പാര്‍ലമെന്റില്‍ പങ്കാളികളായി. പാര്‍ലമെന്റ് നടപടിക്രമങ്ങളും ചട്ടങ്ങളും മാതൃകയാക്കിക്കൊണ്ട് കുട്ടികൾക്ക് ജനാധിപത്യ പ്രക്രിയയെ പരിചയപ്പെടുത്തി. പാര്‍ലമെന്റ് നടപടിക്രമങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, അനുശോചനം, ചോദ്യോത്തരവേള, അടിയന്തിര പ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍, നന്ദി പ്രമേയം, ബില്‍ അവതരണം തുടങ്ങി പാര്‍ലമെന്റ് നടപടിക്രമങ്ങൾ ചെയ്തുകൊണ്ടാണ് കുട്ടികൾ ബാല പാര്‍ലമെന്റില്‍ പങ്കാളികളായത്. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കുന്ന സംസ്ഥാന തല ബാല പാര്‍ലമെന്റില്‍ പങ്കെടുക്കാം.

പരിപാടിയിൽ കുടുംബശ്രീ സാമൂഹ്യവികസനം ജില്ലാ പ്രോഗ്രാം മാനേജർ ഡാന്‍ ജെ. വട്ടോളി, ബാലസഭ സംസ്ഥാന തല റിസോഴ്സ്പേഴ്സൺ വി. വിജയരാഘവൻ, പട്ടിക വര്‍ഗ വികസനം ജില്ലാ പ്രോഗ്രാം മാനേജർ ജി. ജിജിൻ എന്നിവർ സംസാരിച്ചു.