പാലക്കാട്:മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുമിറ്റക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഒ.പി. കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ആർദ്രം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നും പദ്ധതി കൂടുതൽ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ തൃത്താല നിയോജക മണ്ഡലം എം.എൽ.എയും നിയമസഭാ സ്പീക്കറുമായ എം.ബി. രാജേഷ് അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, വൈസ് പ്രസിഡന്റ് സി.എം. മനോ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. ഷെറീന, എം. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.