മുക്കൈ പുഴ നിറഞ്ഞു: കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു

മലമ്പുഴ: ശക്തമായ മഴയും മലമ്പുഴ ഡാം തുറന്നതു കൊണ്ടും മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്ന് നാലു മണിയോടെ കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ വെള്ളം കേറി തുടങ്ങി.പോലീസെത്തി ഗതാഗതം തിരിച്ചുവിട്ടു.മലമ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കടുക്കാംകുന്നം -ആണ്ടിമഠം വഴി നീലിക്കാട്– ഒലവക്കോട് സായി ജങ്ങ്ഷൻ വഴി പോകണം.പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാട്ടുമന്തയിൽ നിന്നും തിരിഞ്ഞു് സായി ജങ്ങ്ഷൻ -നീലിക്കാട്- ആണ്ടിമഠം വഴി കടുക്കാംകുന്നം വന്ന് മലമ്പുഴ ഭാഗത്തേക്കും കഞ്ചിക്കോട്ടേക്കും പോകേണ്ടതാണ്.

അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപാലം പണി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതു വഴിയുള്ള ഗതാഗതം സാധ്യമല്ലാത്തതിനാൽ നീലിക്കാട്- കടുക്കാംകുന്നം റോഡിൽ ഗതാഗത കുരുക്ക് കൂടുതലായിരിക്കയാണ്. വീതി കുറഞ്ഞ ഈ റോഡിൽ വളവും തിരിവും കൂടുതലാണ്. വേറെ മാർഗ്ഗമില്ലാത്തതിനാൽ യാത്രക്കാർ കഷ്ടപ്പാടു സഹിച്ച് യാത്ര ചെയ്യുന്നു.
എല്ലാ വർഷവും കടുക്കാംകുന്നം നിലംപതി പാലം കവിഞ്ഞ് ഗതാഗതം തടസ്സമാവുക സ്ഥിരം പതിവാണ്. പാലം ഉയർത്തി പണിയണമെന്ന ജനകീയ ആവശ്യം ശക്തമായിട്ടു് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും അധികൃതർ പരിഗണിക്കുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.