പാലക്കാട്: ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ മുഴുവൻ കർഷക അവകാശ പ്രവർത്തകരെയും അണിനിരത്തുകയാണ്, ജില്ലാസംയുക്ത കർഷക അതിജീവന സമിതി. ഇതിൻ്റെ ഭാഗമായി നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പാലക്കാട് വച്ച് നടക്കുന്ന അതിജീവന സമ്മേളനത്തിൽ, ജില്ലയിലെ എല്ലാ സ്വതന്ത്ര കർഷക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. പരിസ്ഥിതി ലോല വിഷയത്തിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടക്കുന്ന കർഷക സമരങ്ങളെ ഏകോപിപ്പിക്കുവാനുള്ള പരിശ്രമങ്ങൾ ഏതാനും നാളുകളായി സജീവമായിരുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ മാസം അവസാനം കൊച്ചിയിൽ ച്ചേർന്ന സമ്മേളനത്തിൽ അറുപത്തി ഒന്ന് കർഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കേരളാ കർഷക സംരക്ഷണ അതിജീവന സമിതി നിലവിൽ വന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ദിവസങ്ങളിൽ ജില്ലാ അടിസ്ഥാനത്തിൽ ഇത്തരം സംയുക്ത സമര സമിതികൾ നിലവിൽ വരുന്നുണ്ട്.
ബഫർ സോൺ മേഖലയുടെ ഇളവുകൾക്കുവേണ്ടി സംസ്ഥാനങ്ങൾക്ക്, സെട്രൽ എംപവേഡ് കമ്മറ്റിയേയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കുവാനുള്ള സമയപരിധി കഴിയാൻ ഒരു മാസത്തിൽ താഴെയെ സമയമുള്ളു. മൂന്നു മാസ സമയ പരിധിയിൽ കഴിഞ്ഞ രണ്ടു മാസവും സർക്കാർ ഗൗരവമായ ഇടപെടൽ ഈ വിഷയത്തിൽ നടത്തിയിട്ടില്ല എന്നതാണ് കർഷകരുടെ വാദം. യാതൊരു നിയമ സാധുതയും ഇല്ലാത്ത നിയമസഭയിലെ ഒരു സംയുക്ത പ്രസ്ഥാവനയും, വനം മന്ത്രിയുടെ ഒറ്റപ്പെട്ട ഏതാനും പ്രസ്ഥാവനയും, രണ്ട് ഡൽഹി യാത്രയുമൊഴിച്ചാൽ, ബഫർ സോൺ എന്ന അപകടത്തെ അതിജീവിക്കുവാൻ ഗൗരവമായ ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഭരണഘടനാപരമായി ഭൂവിനയോഗം സംസ്ഥാന സർക്കാരിൻ്റെ തന്നെ അധികാര പരിധിയിലുള്ള വിഷയമാണ്. ഈ സാഹചര്യത്തിൽ വന്യജീവി സങ്കേതക്കളുടെ അതിർത്തി അന്തിമമായിത്തീരുമാനിക്കുന്നതിന്, സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് പറയുന്നത് ശരിയല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട് യാതൊരു വിധ നടപടിയും തുടങ്ങിയിട്ടില്ല എന്നത് ആശങ്കാജനകമാണ്. ഇളവുകൾക്കായുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാൻ വനം വകുപ്പിനെ ചുമതല ഏൽപ്പിക്കുന്നു എന്ന സർക്കാർ തീരുമാനം, ആടിന് പുലിയുടെ കാവൽ ഏല്‌പിക്കുന്നതു പോലെ ആപൽക്കരമാണെന്ന് കർഷക സംഘടകൾ ആരോപിക്കുന്നു.
കർഷകൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരിനെ, ഈ വിഷയത്തിൽ പുലർത്തുന്ന കുറ്റകരമായ മൗനത്തിൽ നിന്ന് ഉണർത്തുക. കർഷകജനതയുടെ പ്രതിക്ഷേധം സംഘടിതവും, ശക്തവുമാക്കുക, ബഫർ സോൺ വിഷയത്തിൽ നിയമപരമായ സാധ്യതകൾ തേടുക. അതിജീവനത്തിനും, ഉപജീവനത്തിനും എന്ന മുദ്രാവാക്യമുയർത്തി വിവിധ കർഷക സംഘടനകൾ ഒന്നിക്കുന്ന സംയുക്ത അതിജീവന സമിതിയുടെ സമ്മേളന ലക്ഷ്യങ്ങൾ ഇവയാണെന്ന് സംഘാടകർ അറിയിച്ചു.