വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് പിടികൂടി

–യു.എ.റഷീദ് പാലത്തറ —
പട്ടാമ്പി: വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി. പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴ ചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷീനും 900 പാക്കറ്റ് ഹാൻസും കണ്ടെത്തി.

രണ്ടാഴ്ച മുമ്പാണ് വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീൻ മിഠായി നിർമ്മാണ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ഉടമയിൽ നിന്ന് ഷെഡ് വാടകയ്ക്ക് എടുത്തത്. എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഹാൻസ് കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. മൂന്നാം ദിവസം നടത്തിയ സംയുക്ത പരിശോധനയിലാണ് 900 പാക്കറ്റ് ഹാൻസ് കണ്ടെടുത്തത്

പ്രതികൾക്കായി പട്ടാമ്പി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. പ്രതി വ്യത്യസ്ത സ്ഥലങ്ങളിലായി ഷെഡ്ഡുകൾ വാടകയ്ക്ക് എടുത്ത് ഇത്തരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം.