മേപ്പറമ്പ് സ്കൂൾ വികസനം സിപിഐ എം ഇടപെടൽ; അടിയന്തിര പ്രാധാന്യം നൽകുമെന്ന് ഡിഡിഇ

പാലക്കാട്:
മേപ്പറമ്പ് ഗവ. യുപി സ്കൂൾ വികസന വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പി വി മനോജ്‌കുമാർ സിപിഐ എം നേതാക്കൾക്ക് ഉറപ്പ് നൽകി. സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പിരായിരി ലോക്കൽ സെക്രട്ടറി രമേഷ് കണ്ണൻ, വലിയങ്ങാടി ലോക്കൽ സെക്രട്ടറി എ വിപിൻ‌ദാസ്, പിരായിരി പഞ്ചായത്ത് അംഗങ്ങളായ എൻ എ അഫ്സൽ, ബി എം ഹബീബ്, എസ് പ്രവീൺ എന്നിവർ വിദ്യാഭ്യാസ ഉപഡയറക്ടറുമായി വിഷയം ചർച്ച ചെയ്തു. സർക്കാർ ഇടപെടലിന്റെ ഭാഗമായി പഴയകെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭ അനുമതിനല്കിയതായും കലക്ടറുടെ അധ്യക്ഷതയിൽ ബുധൻ പകൽ ചേരുന്ന യോഗത്തിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡിഡിഇ അറിയിച്ചു. കിഫ്‌ബിയിലൂടെ അനുവദിച്ച ഒരു കോടിരൂപയുടെ കെട്ടിട നിർമാണത്തിനുള്ള സാങ്കേതിക തടസ്സം നീങ്ങി.

നഗരസഭയുടെ വീഴ്ചയാണ് പദ്ധതി നടപ്പാക്കാൻ തടസ്സമായത്. പുതിയ കെട്ടിടം നിർമിക്കാൻ അനുമതി നൽകേണ്ടതും പഴയത് പൊളിക്കേണ്ടതും നഗരസഭയാണ്. പ്രധാന കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകിയത് നഗരസഭയാണ്. കെട്ടിടം പൊളിച്ചുമാറ്റി നിർമാണം നടക്കുന്ന കാലയളവിൽ വിദ്യാർഥികൾക്ക് പുതിയ സ്ഥലം ഒരുക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്. 1996, —-2001 കാലഘട്ടത്തിൽ ടി ശിവദാസമേനോൻ ധനകാര്യ മന്ത്രിയായിരിക്കെ അന്നത്തെ എംഎൽഎയായ ടി കെ നൗഷാദിന്റെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് മേപ്പറമ്പ് ഗവ. യുപി സ്കൂളിന്റെ പ്രധാന കെട്ടിടം പണിതത്. പിന്നീട് എസ്എസ്എ ഫണ്ടിൽ മുകൾനിലയിൽ ക്ലാസുകളും ഹാളും നിർമിച്ചു. പാലക്കാട്‌ കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്കും നിർമാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകി. ഇപ്പോൾ കിഫ്‌ബി വഴി ഒരു കോടിയും അനുവദിച്ചു. ഈ വസ്തുത മറച്ചുവച്ചാണ്‌ പിടിഎയിലെ പ്രതിപക്ഷ രാഷ്ട്രീയ അനുഭാവികൾ സ്കൂൾ വികസനത്തെ അപകീർത്തിപ്പെടുത്താൻ രംഗത്തുവന്നിരിക്കുന്നത്. സ്കൂളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സിപിഐ എം ഇടപെടുമെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.