വിവാഹ വാഗ്ദാനം നൽകി പണംതട്ടിയ യുവാവ് അറസ്റ്റിൽ

പാലക്കാട്:
വിവാഹ വാഗ്ദാനം നൽകി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ഇയാൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പോസ്റ്റൽ വകുപ്പിൽ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയെ ഗോവയിൽ വച്ച് പ്രതി പരിചയപ്പെട്ടു. സാമൂഹ്യമാധ്യമം വഴി സൗഹൃദം തുടർന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് 2020 ഡിസംബർ മുതൽ ഈ വർഷം മെയ് വരെയുള്ള കാലയളവിൽ ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവതി സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അനന്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പക്ടർ ടി ഷിജു എബ്രഹാം, അഡീഷണൽ എസ്‌ഐമാരായ വിജയകുമാർ, ഗിരീഷ്, സീനിയർ സിപിഒ ഷംസീർ അലി, സിപിഒ ഷെയ്ഖ് മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.