ഇലക്ട്രിക് പോസ്റ്റ് അപകടം വിതക്കുന്നു

മലമ്പുഴ: റോഡുവീതി കൂട്ടിയപ്പോൾ റോഡിനു നടുവിലായ ഇലക്ട്രിക് പോസ്റ്റ് അപകടം വിതക്കുന്നതായി പരാതി. പഞ്ചായത്താഫീസ് പരിസരത്ത് റോഡിൻ്റെ വളവിലാണ് പോസ്റ്റ് നിൽക്കുന്നതെന്നതിനാൽ അപകട സാധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ബസ്സിന് സൈഡ് കൊടുത്തപ്പോൾ ഈ പോസ്റ്റിൽ ഇടിച്ചതായി പരിസരത്തെ കടക്കാർ പറഞ്ഞു. രാത്രിയായാൽ ഇവിടെ ഇരുട്ടാണ്. തെരുവുവിളക്കുകളില്ല. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള പ്രധാന റോഡായതിനാൽ വിനോദ സഞ്ചാരികളുടേതടക്കം ഒട്ടേറെ വാഹനങ്ങൾ പോകുന്നത് ഇതുവഴിയാണ്. അഞ്ചു വർഷത്തിനു മുമ്പു് രാത്രിയിൽ ഈ പോസ്റ്റിറ്റിലിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചീട്ടുണ്ടെന്നും പോസ്റ്റ് മാറ്റി വെക്കാൻ അധികൃതരോട് പലതവണ പരാതി പെട്ടിട്ടും ഫലമില്ലന്ന് ബ്ലോക്ക് മെമ്പർ തോമസ് വാഴപ്പള്ളി പറഞ്ഞു. എത്രയും വേഗം പോസ്റ്റ് മാറ്റി വെച്ച് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.