പട്ടാമ്പി: പെരുമ്പിലാവിന്നടുത്ത കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് മേഴത്തൂർ സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ 65 വയസ്സുള്ള പാഞ്ചാലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊരട്ടിക്കര സ്വദേശി ജോബ് എന്ന വ്യക്തിയുടെ കഴുങ്ങിൻ തോപ്പിലെ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന പ്രവർത്തകർ സ്ഥലത്തെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്ത മൃതദേഹം അഷറഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തോളമായി ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് കൊരട്ടിക്കരയിലെ സഹോദരൻ വാസുദേവന്റെ വീട്ടിലാണ് വയോധിക താമസം. നടക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ചെരുപ്പ് കിണറ്റിൻ കരയിൽ ഊരിവെച്ച നിലയിലായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.