ഇരുചക്രവാഹന യാത്രക്കാരനെ ആക്രമിച്ച് പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തി

നെന്മാറ: മോട്ടോർസൈക്കിളിൽ ഇടിക്കുന്ന രീതിയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തയാൾക്ക് നേരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും പെട്രോൾ ബോംബെറിഞ്ഞ് ഭീതി പരത്തുകയും ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി 7 മണിയോടെ നെന്മാറ അയിനം പാടം ഡിഎഫ്ഒ ഓഫീസിനു സമീപത്ത് വെച്ചാണ് സംഭവം. അയിലൂർ ഗോമതി രാമദാസ് ഭവനിൽ താമസിക്കുന്ന കൃഷ്ണദാസ് (46) ഓടിച്ചിരുന്ന മോട്ടോർ സൈക്കിളിനെ ഇടിക്കാൻ വന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വാക്കു തർക്കമായിരുന്നു സംഭവത്തിനു കാരണമായത്. അപകടകരമാംവിതം വാഹനം ഓടിച്ച അജ്ഞാതരായ 3 പേർ കൃഷ്ണദാസിനെ കല്ലെറിയുകയും നെറ്റിയിൽ പരിക്കേൽക്കുകയും വാഹനത്തിന്റെ താക്കോൽ ഊരി കൊണ്ടുപോവുകയും ചെയ്തു. വാഹനം ഓടിച്ചു പോകാൻ നിർവാഹം ഇല്ലാതായ കൃഷ്ണദാസിനു നേരെ അല്പസമയത്തിനു ശേഷം തിരികെ വന്ന അക്രമികൾ പെട്രോൾ നിറച്ച കുപ്പിയിൽ തീകൊളുത്തി കൃഷ്ണദാസിനെ നേരെ എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.  റോഡിൽ വീണ പെട്രോൾ നിറച്ച കുപ്പി പൊട്ടി തീപിടിക്കുകയും സ്ഫോടനം ഉണ്ടാക്കുകയും ചെയ്ത കുറ്റത്തിൽ അജ്ഞാതരായ മൂന്നുപേരുടെ നേരെ സ്ഫോടക വസ്തു ഉപയോഗിച്ചതിനും അക്രമണത്തിൽ ഏർപ്പെട്ടതിനുള്ള വകുപ്പുകൾ ചുമർത്തി നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

വീഡിയോ ദൃശ്യങ്ങളിൽ നിന്ന് തിങ്കളാഴ്ച പ്രതികളെ തിരിച്ചറിഞ്ഞു. കയറാടി പനങ്കുറ കുളങ്ങാട്ടിൽ വീട്ടിൽ ഷിനു (24)നെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, ജസ്റ്റിൻ എന്നീ പ്രതികൾ ഒളിവിലാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും നെന്മാറ പോലീസ് പറഞ്ഞു.