പുതിയ മോഡൽ കൊയ്ത്തു മെതി യന്ത്രം പാടത്തിറക്കി

 നെന്മാറ: ചേറുതാഴ്ച കൂടിയ നെൽപ്പാടങ്ങളിലും ഉയരം കൂടിയ വരമ്പുകയറുന്നതിനും 50 മിനിട്ടുകൊണ്ട് ഒരു ഏക്കർ നെൽപ്പാടം കൊയ്ത് മെതിക്കാൻ കഴിയുന്ന വേഗത കൂടിയ കൊയ്ത്തു മെതിയന്ത്രമാണ് പുതുതായി പാടത്തിറക്കിയത്. നിലവിലെ മറ്റു യന്ത്രങ്ങളിൽ ഒരു ഏക്കർ കൊയ്തു തീർക്കുന്നതിന് ഒരു മണിക്കൂർ മുതൽ മുകളിലോട്ട് സമയം ആവശ്യമായി വരുമ്പോഴാണ് ഈ യന്ത്രം കുറഞ്ഞ സമയത്തിനകം കൊയ്ത്തുതീർക്കുന്നത്. കൊയ്ത നെല്ല് സംഭരിക്കുന്ന സംഭരണിയുടെ വലിപ്പവും കൂടുതലായതിനാൽ 14 ചാക്ക് നെല്ല് വരെ യന്ത്രത്തിൽ സംഭരിക്കാൻ കഴിയും. സാധാരണ കൊയ്ത്ത് യന്ത്രങ്ങളിൽ 9 മുതൽ 11 ചാക്ക് നെല്ല് വരെ മാത്രമേ സംഭരിക്കാൻ കഴിയുകയുള്ളൂ. ഇതുമൂലം യന്ത്രത്തിൽ സംഭരിച്ച നെല്ല് പുറത്തേക്ക് കൊട്ടി ഒഴിവാക്കാൻ നെൽപ്പാടത്തുനിന്നും ട്രാക്ടർ എത്തുന്നതുവരെയുള്ള അടുപ്പിച്ചുള്ള ഓട്ടം ഒഴിവാക്കാൻ കഴിയുമെന്നും കർഷകർക്ക് കൂടുതൽ സമയ ലാഭം ഉണ്ടാക്കുമെന്നും യന്ത്രം നെന്മാറ മേഖലയിലെ പാടശേഖരങ്ങളിൽ എത്തിച്ച ഏജന്റ് പി. കെ. ചെന്താമര പറഞ്ഞു. കൂടാതെ മറ്റ് യന്ത്രങ്ങളിൽ നിന്നും വ്യത്യസ്തമായി യന്ത്രത്തിൽ സംഭരിക്കുന്ന നെല്ല് മഴ നനയാതെ സൂക്ഷിക്കാനുള്ള സംവിധാനവും യന്ത്രത്തിൽ ഉണ്ട്. നിലവിലുള്ള യന്ത്രങ്ങളിൽ കൊയ്ത്തു നടക്കുന്നതിനിടെ മഴ വന്നാൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ട് നെല്ല് സംഭരണി മൂടി വയ്ക്കേണ്ട സ്ഥിതിയുണ്ട്. കൂടാതെ ഹൈഡ്രോളിക് സംവിധാനത്തിലൂടെ നെല്ല് ട്രാക്ടർ നിൽക്കുന്ന ഏതു ഭാഗത്തേക്കും എത്ര ഉയരത്തിലും പുറത്തേക്ക് നെല്ല് കൊട്ടിയൊഴിക്കാനുള്ള സംവിധാനവും ഈ യന്ത്രത്തിൽ ഉണ്ട്. നെല്ല് കൂടുതൽ നഷ്ടപ്പെടാതെ പതിരുനീക്കാനുള്ള ആധുനിക സംവിധാനങ്ങളും യന്ത്രത്തിലുണ്ടെന്ന് യന്ത്രത്തോടൊപ്പം എത്തിയ സാങ്കേതിക വിദഗ്ധരും പറഞ്ഞു. ചൈന, കൊറിയ, സാങ്കേതികവിദ്യയിലുള്ളതാണ് ഈ യന്ത്രം.  ചേറ്റാഴമുള്ള  നെൽപ്പാടങ്ങളിൽ മറ്റു കൊയ്ത്തു യന്ത്രങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത പാടങ്ങളിലും ഈ യന്ത്രം ചക്രങ്ങളിൽ നിന്നും എൻജിനും മറ്റു ഭാഗങ്ങളും സ്വയം ഉയരം വർദ്ധിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന മേന്മയും ഇതിനുണ്ട് . മറ്റ് യന്ത്രങ്ങളിൽ കൊയ്തെടുക്കുമ്പോൾ കതിർ മണികൾ താഴെ വീണ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള പ്രത്യേക സംവിധാനവും ഈ യന്ത്രത്തിൽ ഉണ്ടെന്ന് പുതിയ യന്ത്രത്തോടൊപ്പം എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ പറഞ്ഞു. വൈക്കോലും കാര്യമായി നഷ്ടപ്പെടാത്ത രീതിയിലാണ് യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്. ഈ യന്ത്രം ഉപയോഗിക്കുന്നതു മൂലം കർഷകർക്ക് സമയ ലാഭം ഉണ്ടാകുന്നതിനാൽ വാടകയിനത്തിലും സാമ്പത്തിക ലാഭം കർഷകർക്ക് ഉണ്ടെെന്നും പറയുന്നു. യന്ത്ര നിർമ്മാതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും കർഷകരുടെയും സാന്നിധ്യത്തിൽ പൂജ നടത്തിയതിനുശേഷം യന്ത്രം മാതൃകാ അടിസ്ഥാനത്തിൽ  ചാത്തമംഗലം പാടശേഖരത്തിൽ പ്രവർത്തനം തുടങ്ങി.