ഒന്നാം വിളയ്ക്കും വൈക്കോൽ സംഭരിച്ചു തുടങ്ങി

നെന്മാറ: മഴ കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാം വിള കൊയ്ത് ഒഴിഞ്ഞ വെള്ളമില്ലാത്ത പാടശേഖരങ്ങളിൽ നിന്ന് കർഷകർ വൈക്കോൽ സംഭരിക്കുന്നു. ഒന്നാം വിള കൊയ്ത പാടശേഖരങ്ങളിൽ വെള്ളമില്ലാത്തതും തുടർച്ചയായി രണ്ടുദിവസത്തോളം വെയിൽ കിട്ടിയതും പെട്ടെന്ന് വൈക്കോൽ ഉണങ്ങി കിട്ടിയതിനാൽ ട്രാക്ടറിൽ ഘടിപ്പിച്ച് വൈക്കോൽ ചുരുട്ടി എടുക്കുന്ന യന്ത്രം ഉപയോഗിച്ചാണ് വൈക്കോൽ സംഭരിക്കുന്നത്. പോത്തുണ്ടി കോതശ്ശേരി ഭാഗങ്ങളിലെ വെള്ളമില്ലാതെ ഉണങ്ങിക്കിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നാണ് കർഷകരും വ്യാപാരികളും വൈക്കോൽ സംഭരിക്കുന്നത്. സാധാരണ മഴയെ തുടർന്നുള്ള കൊയ്ത്തും പാടങ്ങളിൽ വെള്ളം ഉള്ളതിനാലും വൈക്കോൽ ചീഞ്ഞു പോവുകയോ സംഭരിക്കാൻ കഴിയുകയോ ചെയ്യുന്നതിനാൽ ഉഴുതു മറിക്കുകയാണ് ചെയ്യാറുള്ളത്. വൈക്കോലിന് ആവശ്യക്കാർ ഏറെ ഉള്ളതും പെട്ടെന്ന് ഉണങ്ങി കിട്ടിയതിനാലും കാലി വളർത്തുന്നവർക്കും അപ്രതീക്ഷിതമായി വൈക്കോൽ കിട്ടിയതിനാൽ വൈക്കോൽ വ്യാപാരികൾക്കും അനുഗ്രഹമായി. ഒന്നാം വിള വൈക്കോൽ ലഭിക്കാത്തതിനാൽ ഒന്നാം വിള കഴിഞ്ഞ ഉടനെ വൈക്കോലിന് 200 രൂപയ്ക്ക് മുകളിൽ വില വരാറുള്ളതാണ്. 10 ശതമാനം നെൽപ്പാടങ്ങളിൽ നിന്നും മാത്രമേ ഒന്നാം വിളക്ക് വൈക്കോൽ ലഭിക്കുന്നുള്ളൂ എന്ന് കർഷകർ പറഞ്ഞു. ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ച് വൈക്കോൽ റോൾ ചെയ്തു കെട്ടാക്കുന്നതിന് 30 രൂപയാണ് ഈടാക്കുന്നത്. ചില വ്യാപാരികളും ക്ഷീരകർഷകരും നെൽപ്പാടത്തിന്റെ അളവിനനുസരിച്ച് മൊത്തവില നൽകി വൈക്കോൽ സംഭരിക്കുന്നുമുണ്ട്. തുലാവർഷം ശക്തമായാൽ വൈക്കോൽ സംഭരിക്കാൻ കഴിയില്ലെന്ന് മേഖലയിലെ കർഷകർ പറയുന്നു.