കുഞ്ഞിളം കരച്ചിൽ…!!

കൂരിരുട്ടിൽ നെട്ടോട്ടമോടിയാ
കുഞ്ഞു പൈതലിൻ കൈകൾ
കയ്യിലെ പൊതിയിലമർന്നു…

കാൽപാദം അടുത്തുവരുന്നു
കണ്ണുകളിലടർന്ന കണ്ണീരുകൾ
കുമിഞ്ഞുകൂടിയ ഭയം വിളിച്ചോതി…

കുഞ്ഞിളം മനസ്സാ
കൂരക്കുള്ളിലെത്തി നിന്നു
കരച്ചിലടക്കാൻ പാട് പെടുന്ന
കുഞ്ഞനിയത്തിയുടെ മുഖം
കണ്ണീരോടെയവനോർത്തു..

കയ്യിലമർന്ന പൊതിയെ മുറുക്കി
കുരച്ചു ചാടുന്ന നായയെ
കെറുവിച്ചു കൊണ്ടവൻ
കുതിച്ചോടി…

കൂരയടുക്കും മുൻപേ
കാലുകളിടറി
കുഞ്ഞു പൊതിയും തെറിച്ചു
കൈകളമരും മുൻപേ
കുരച്ചു ചാടും നായതൻ
കാലിലമർന്നു…

കുഞ്ഞനിയത്തി തൻ
കരച്ചിൽ ഉയർന്നു കേട്ടു
കോപം പൂണ്ടവന്റെ
കൈകൾ നായതൻ
കൊല്ലിയിലമർന്നു…

കഴിക്കുവാൻ ഒന്നുമില്ല നിൻ
കാലിലമർന്നതല്ലാതെ
കേൾക്കുന്നില്ലേയാ
കൂരയ്ക്കുള്ളിലെ വിശപ്പിൻ
കരച്ചിൽ…

കേണപേക്ഷിച്ചവന്റെ
കണ്ണുകളെ അവഗണിച്ചു
കുഞ്ഞു പൊതിയിലമർന്ന
കൈകളെ കടിച്ചു വലിച്ചു…

കണ്ണീരോടെ പിടഞ്ഞു വീണവന്റെ
കാതിൽ അലയടിച്ചത്
കുഞ്ഞനിയത്തി തൻ വിശപ്പിൻ
കരച്ചിൽ…!!

റിയ