ഈ പകൽ

പൊട്ടിച്ചിരിയ്ക്കുമീ പൊൻ വെയിൽക്കരങ്ങൾ
കെട്ടിപ്പിടിയ്ക്കവേ കോരിത്തരിച്ചു ഞാൻ
ഇടനെഞ്ചിലെ ചൂടിലെന്നെയും ചേർത്തു്
ഇറുകെപ്പുണരവേ ഉള്ളം മദിച്ചു പോയ്.
അകലെ, വെയിൽ നാളമേറ്റു തിളങ്ങുമീ അഴകോലും പച്ചപ്പും നിഴലും നിറങ്ങളും
ആനന്ദ തുന്ദിലയാക്കുന്നിതെന്നെയും
ആമോദമോടെയീ കിളികൾ തൻ കൂജനം
നീലവാനിന്റെയീ മേലാപ്പിലൂടെ
നീന്തിനീങ്ങുന്നൊരീ മേഘശകലങ്ങളും
വെള്ളി കണക്കു വിളങ്ങി തിളങ്ങിയീ
വെള്ളിക്കൊലുസു കിലുക്കും പുഴയും
ഉള്ളം തെളിഞ്ഞു ചിരിയ്ക്കും പ്രകൃതി തൻ
ഉർവ്വര ചിത്രം മുകർന്നു രസിപ്പു ഞാൻ…


എം.ടി.നുസ്റത്ത് ചുനങ്ങാട്