ശുചീകരണ തൊഴിലാളികളേയും ഹരിതസേനാംഗങ്ങളേയും ആദരിച്ചു

ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേനയിലെ അംഗങ്ങൾ ആശാ പ്രവർത്തകർ എന്നിവരെ ആദരിച്ചു.

പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്ന പരിപാടി പ്രശസ്ത സിനിമ താരവും ഇന്ത്യൻ സ്വച്ചതാ ലീഗ് ബ്രാൻഡ് അംബാസിഡർ കൂടിയായ ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം ചെയ്തു.

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആഘോഷ പൂർവ്വമായാണ് പട്ടാമ്പിയുടെ പ്രിയ താരത്തെ പരിപാടിയിലേക്ക് വരവേറ്റത്.

നഗരസഭ വൈസ് ചെയർമാൻ ടിപി ഷാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.

ലോകത്തെവിടെ പോയാലും അവനവന്റെ നാട്ടിൽ എന്തെങ്കിലും ചെയ്യുന്നതിന്റെ സംസ്തൃപ്തി മറ്റൊന്നിനും ലഭിക്കില്ലെന്ന് ഗോവിന്ദ് പത്മസൂര്യ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

മാലിന്യമുക്ത നഗരത്തിലേക്കായുള്ള ഇന്ത്യൻ സ്വച്ചത ലീഗ് ബ്രാൻസ് അംബാസിഡറായ അദ്ദേഹത്തോട് പട്ടാമ്പി നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തങ്ങളുടെ കൂടി ബ്രാൻസ് അംബാസിഡറായി പ്രവർത്തിക്കണമെന്ന ഭരണ സമിതിയുടെ നിർദേശം സ്നേഹപ്പൂർവ്വം അദ്ദേഹം സ്വീകരിച്ചു.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പട്ടാമ്പി നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ മികവുറ്റതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പിലാക്കുന്നതിന് അഹോരാത്രം പരിശ്രമിക്കുന്ന നഗരസഭയിലെ ശുചീകരണ, ഹരിത കർമ്മ സേനയിലെ തൊഴിലാളികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഇന്ത്യൻ സ്വച്ചത ലീഗുമായി ബന്ധപ്പെട്ട് ബഹുജന പങ്കാളിത്തത്തോട് കൂടി നഗരസഭ നടത്തിയ റാലിയെയും ഭാരതപ്പുഴയോരത്തെ മെഗാ ശുചീകരണ ഡ്രൈവിനെയും അദ്ദേഹം പ്രശംസിച്ചു.

ഗാർഹിക മാലിന്യ സംസ്കരണത്തിനായി നഗരസഭ വിഭാവനം ചെയ്ത വീടുകളിലേക്കുള്ള റിങ്ങ് കമ്പോസ്റ്റിന്റെ വിതരണ ഉദ്ഘാടനവും ഗോവിന്ദ് പത്മസൂര്യ നിർവഹിച്ചു.

2390 രൂപ വില വരുന്ന ഒരു യൂണിറ്റ് റിങ്ങ് കമ്പോസ്റ്റ് 477 ഗുണഭോക്താക്കൾക്കാണ് നഗരസഭ സൗജന്യമായി വിതരണം ചെയ്യുന്നത്.പദ്ധതിയുടെ പൂർത്തീകരണത്തിനായി 35 ലക്ഷം രൂപ നഗരസഭ വകയിരുത്തിയിട്ടുണ്ട്.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. കെ കവിത, കെ. ടി റുഖിയ എൻ. രാജൻ മാസ്റ്റർ, കൗൺസിലർമാരായ കെ. ആർ നാരായണസ്വാമി, സി. എ സാജിത്,എ. സുരേഷ്,നഗരസഭ കൗൺസിലർമാർ,ഗവണ്മെന്റ് സംസ്കൃത കോളേജ് പ്രിൻസിപ്പൽ ഡോ. ജെ സുനിൽ ജോൺ, എൻ. എസ്. എസ് ചാർജ്ജ് ഓഫീസർ ഡോ. എസ്. അനിൽകുമാർ, എൻ. സി. സി ചാർജ്ജ് ഓഫീസർ ഡോ. പി അബ്ദു, വ്യാപാരി സംഘടന പ്രതിനിധികളായ കെ. പി. എ റസാഖ്,സിദ്ധീഖ് പത്രാസ്, കെ. പി കമാൽ,കെ. എച്ച്. സുബ്രഹ്മണ്യൻ, ബിൽഡിങ് ഓണെഴ്സ് അസോസിയേഷൻ പ്രതിനിധി കെ. പി അലിക്കുഞ്ഞ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഉള്ളാട്ടിൽ രവീന്ദ്രൻ, നഗരസഭ സൂപ്രണ്ട് കെ. എം ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പ്രകാശ് എന്നിവർ പങ്കെടുത്തു.