തോരാമഴ തീരാ ദുരിതം

* ജോജി തോമസ് —
നെന്മാറ : മഴ ശക്തമായതിനെ തുടർന്ന് പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നു108.204 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 105.25 മീറ്റർ ആയി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴയിലേക്ക് വെള്ളം തുറക്കുന്ന ഷട്ടറുകളുടെ അളവ് 33 സെന്റീമീറ്ററിൽ നിന്ന് രാവിലെ 9 മണിയോടെ 40 സെന്റീമീറ്ററായും 11 മണിയോടെ 53 സെന്റീമീറ്ററായും ഉയർത്തി കൂടുതൽ വെള്ളം പുഴയിലേക്ക് തുറന്നു വിട്ടു. നെൽപ്പാടങ്ങളിലെ മഴ വെള്ളവും ഡാമിലെ വെള്ളവും പുഴയിൽ എത്തിയതോടെ പുഴയോരങ്ങളിലെ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലാവുകയും തോട്ടങ്ങളിൽ വെള്ളം കയറുകയും ചെയ്തു. പുഴയോരങ്ങളിലെ മോട്ടോർ ഷെഡുകളും മറ്റും വെള്ളത്തിൽ മുങ്ങി. ചെമ്മന്തോട്, കൽനാട്, ആറ്റുവായ് കൊമ്പൻ കല്ല്, കോഴിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം പാലത്തിൽ വെള്ളം കയറി. സമീപത്തെ 6 വീടുകളിലും മുസ്ലിം പള്ളി വളപ്പിലും വെള്ളം കയറി. വീടുകളിൽ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. കുതിച്ച് ഒഴുകുന്ന വെള്ളത്തിൽ പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ മണ്ണ് ഒലിച്ചുപോയി ഗർത്തം രൂപപ്പെട്ടു.

റോഡിന് മുകളിൽ അര മീറ്റർ ഉയരത്തിൽ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. ഇതോടെ കരിമ്പാറ ചാത്തമംഗലം ഭാഗങ്ങളിലേക്കുള്ള ഗതാഗതം 12 മണി മുതൽ തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളിലുള്ളവർ പോത്തുണ്ടി, തിരുവിഴയാട് തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യേണ്ട സ്ഥിതിയായി. കോഴിക്കാട് പാലവും സമീപ കൃഷിസ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. കോഴിക്കോട് പാലം വെള്ളം മുങ്ങിയതോടെ പുത്തൻതറ, എടപ്പാടം ഭാഗങ്ങളിലേക്ക് ബസ് ഉൾപ്പെടെയുള്ള ഗതാഗതം നിലച്ചു. അയിലൂർ മൂല റോഡും സമീപ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി ഗതാഗതം മറ്റു വഴികളിലേക്ക് തിരിച്ചുവിട്ടു. വെള്ളം മുങ്ങിയ പ്രദേശങ്ങൾ റവന്യൂ സ്കോഡ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നെന്മാറ പോലീസ് സ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു.