തരിശിടങ്ങളിൽ വിത്തുകൾ മുളപ്പിച്ച് വിദ്യാർത്ഥികളും, അദ്ധ്യാപകരും

നെന്മാറ. ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം നെന്മാറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘തളിർക്കട്ടെ പുതു നാമ്പുകൾ’ പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന മഹത് ലക്ഷ്യത്തോടെ കേരളത്തിലെ ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച നാമ്പ് പദ്ധതി പ്രകാരം ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ 10 ലക്ഷം വിത്തുരുളകൾ, സംസ്ഥാനത്തൊട്ടാകെയുള്ള വോളന്റിയർമാർ അതിജീവനം സപ്തദിന ക്യാംപിൽ തയാറാക്കിയിരുന്നു. ഇവ ഫലഭൂയിഷ്ടമായ തരിശ്ശിടങ്ങളിൽ വിതച്ച് മുളപ്പിയ്ക്കുന്ന പദ്ധതിയാണ് ‘തളിർക്കട്ടെ പുതു നാമ്പുകൾ’ .

2022 ജൂലൈ 28 ന് അകംപാടം വനഭാഗത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജുഷ നിർവ്വഹിച്ചു . പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ഗിരീഷ് മുഖ്യാഥിതിയായിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജും പ്രോഗ്രാം ഓഫീസറുമായ K.മുരളീധരൻ നേതൃത്വം നൽകി. വളണ്ടിയർ ലീഡർമാരായ ഷാജഹാൻ, ദിയ എന്നിവരോടൊപ്പം മറ്റു വളണ്ടിയർമാരും ചേർന്ന് 1500 ലധികം വിത്തുരുളകളാണ് വിതച്ചത് .

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)